ബേക്കല്‍ റിസോര്‍ട്ട്‌ ഡവലപ്പ്‌മെന്റ്‌ കോര്‍പ്പറേഷന്‍ ലിമിറ്റഡ്‌ (BRDC)

ബേക്കല്‍ എന്ന കടല്‍ത്തീര പ്രദേശത്തെ അന്തര്‍ദേശീയ തലത്തിലുള്ള 'ബീച്ച്‌ ടൂറിസ്റ്റ്‌ ഡസ്റ്റിനേഷന്‍' ആക്കി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 1995-ല്‍ ബേക്കല്‍ റിസോര്‍ട്ട്‌ ഡവലപ്പ്‌മെന്റ്‌ കോര്‍പ്പറേഷന്‍ ലിമിറ്റഡ്‌ സ്ഥാപിതമായി. ആസൂത്രിതവും, പരിസ്ഥിതി സൗഹാര്‍ദ്ദപരവും, ആ പരിസരത്ത്‌ വിജയകരമായി നടപ്പാക്കാന്‍ കഴിയുന്നതുമായ വികസന സംവിധാനങ്ങള്‍ക്കാണ്‌ ബി.ആര്‍.ഡി.സി. പ്രാധാന്യം നല്‍കിയത്‌. ഒപ്പം തദ്ദേശവാസികളുടെ ഉന്നമനത്തിനുതകുന്ന വിധത്തിലുള്ള അടിസ്ഥാന സേവനവ്യവസ്ഥകള്‍ ഇവിടുത്തെ വിനോദ സഞ്ചാരരംഗത്തു കൊണ്ടു വരാനും ബി.ആര്‍.ഡി.സി. ഊന്നല്‍ നല്‍കി.

ബേക്കലിലും സമീപ പ്രദേശങ്ങളിലുമുണ്ടായ പുതിയ വികസനോദ്യമങ്ങളില്‍ മിക്കവയ്‌ക്കും ബി.ആര്‍.ഡി.സി. സഹായ സഹകരണം നല്‍കുന്നുണ്ട്‌. എത്രത്തോളം വികസനം ആ പ്രദേശത്തിന്‌ ഉള്‍ക്കൊള്ളാന്‍ കഴിയും, പരിപാലിക്കാന്‍ കഴിയുന്ന പരിധി, വാസ്‌തു ശാസ്‌ത്രത്തിലെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍, പ്രകൃതി സംരക്ഷണം, തീരപ്രദേശ നിയമവ്യവസ്ഥ എന്നിവയെല്ലാം കണിശമായും ശാസ്‌ത്രീയമായും വിശകലനം ചെയ്‌ത ബേക്കല്‍ പദ്ധതിയാണ്‌ ബി.ആര്‍.ഡി.സി. ഏകോപിപ്പിച്ച്‌ നടപ്പിലാക്കുന്നത്‌. നിലവിലുള്ള റോഡുകള്‍, വൈദ്യുതിവിതരണം, ശുചിത്വ സംരക്ഷണം, തെരുവ്‌ വിളക്കുകള്‍, ജലവിതരണം എന്നീ അടിസ്ഥാന സൗകര്യങ്ങള്‍ക്ക്‌ പ്രാധാന്യം നല്‍കി അവയെക്കൂടുതല്‍ ശക്തിപ്പെടുത്തുക എന്നൊരു വലിയ കര്‍ത്തവ്യം കൂടി ബി.ആര്‍.ഡി.സി. വഹിക്കുന്നു. കൂടുതല്‍ നിക്ഷേപകരെയും സ്ഥാപകരെയും ആകര്‍ഷിച്ച്‌ വിവിധ വികസന പദ്ധതികള്‍ ബേക്കലില്‍ കൊണ്ടു വരാന്‍ ശ്രമിക്കുന്നതോടൊപ്പം ഈ പദ്ധതികള്‍ വേഗം നടപ്പാക്കുന്നതിനുള്ള ഉത്തരവാദിത്വം ബി.ആര്‍.ഡി.സി. യ്‌ക്കാണ്‌.

ബേക്കലിന്റെ ഇതുവരെയുള്ള വികസനം

ഇന്ത്യയിലെ അധികം അറിയപ്പെടാത്ത വിനോദസഞ്ചാര പ്രദേശങ്ങളിലേക്ക്‌ കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ ഭാരതസര്‍ക്കാര്‍ രൂപീകരിച്ച ഒരു പുതിയ പദ്ധതിയാണ്‌ സെപ്‌ഷ്യല്‍ ടൂറിസം ഏരിയസ്‌കീം ആന്റ്‌ ആക്ഷന്‍ പ്ലാന്‍. ചരിത്ര സ്‌മാരകങ്ങളായ പ്രകൃതി സമ്പത്തുകളുടെ സംരകഷണം, വിനോദ സഞ്ചാര കേന്ദ്രത്തിലെ സാമൂഹ്യ - സാമ്പത്തിക വികസനം, തൊഴിലവസര വര്‍ദ്ധന, ദേശീയ - അന്തര്‍ദ്ദേശീയ വിനോദസഞ്ചാര വികസനം, അനൂകൂലമാക്കേണ്ട വിദേശ വിനിമയ വരുമാനം, വിനോദസഞ്ചാര രംഗത്തു കൊണ്ടു വരേണ്ട വൈവിദ്ധ്യങ്ങള്‍ എന്നിവയാണ്‌ ഈ പദ്ധതിയുടെ മുഖ്യലക്ഷ്യങ്ങള്‍. ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പ്രദേശങ്ങളില്‍ ഒന്നായ ബേക്കല്‍ ദക്ഷിണേന്ത്യയിലെ വികസനരംഗത്ത്‌ വളരെയധികം മുന്‍പോട്ടു പോകന്‍ കഴിയുന്ന ബീച്ചുകളില്‍ ഉള്‍പ്പെട്ടതുമാണ്‌. അസ്‌പര്‍ശികം എന്നു പറയാവുന്ന തരത്തിലുള്ള ശാന്തവും അതി സുന്ദരവുമായ ബീച്ചുകള്‍, പ്രധാന ബീച്ചിലെ ചരിത്ര പ്രാധാന്യമുള്ളകോട്ട, ശാന്തിയും സമാധാനവും നിറഞ്ഞ അന്തരീക്ഷം, പരിശ്രമശാലികളായ നല്ല തദ്ദേശവാസികള്‍, 140 കി.മി. അകലത്തിലുള്ള രണ്ടു പ്രധാന വിമാനത്താവളങ്ങള്‍, അന്തര്‍ദ്ദേശീയ തലത്തില്‍ വികസിപ്പിക്കുവാന്‍ കഴിയുന്ന രീതിയില്‍ ഏക്കറുകളോളം പരന്നു കിടക്കുന്ന മനോഹരമായ സ്ഥലം എന്നിവയെല്ലാം ബേക്കലിന്റെ മാത്രം പ്രത്യേകതയാണ്‌. സാമൂഹ്യ- സാമ്പത്തിക - പരിസ്ഥിതിയെ പരിപാലിച്ചു കൊണ്ട്‌ ടൂറിസം നിലനിര്‍ത്തുക എന്നതാണ്‌ ഈ പദ്ധതിയുടെ വ്യക്തമായ തീരുമാനം.

കുറഞ്ഞ സമയത്തിനുള്ളില്‍ വൈവിദ്ധ്യം നിറഞ്ഞ സുന്ദരാനുഭവങ്ങള്‍ സഞ്ചാരികള്‍ക്കു നല്‍കി കൊണ്ടുള്ള ആദ്യ വികസനം ബേക്കലില്‍ ആരംഭിച്ചു കഴിഞ്ഞു. തണല്‍ വിശ്രമകേന്ദ്രം (ബേക്കല്‍ കോട്ടയ്‌ക്കു സമീപം), ബേക്കല്‍ കോട്ടയ്‌ക്കു സമീപം വാഹന പാര്‍ക്കിംഗ്‌ സൗകര്യം, ബേക്കല്‍ ബീച്ച്‌ ഉദ്യാനം, പൊതു ജനങ്ങള്‍ക്കു വേണ്ടി കോട്ടപ്പുറത്തു നല്‍കുന്ന സൗകര്യങ്ങള്‍, വലിയ പറമ്പയിലെ തേജസ്വിനി കായിലേക്കുള്ള ചന്ദ്രഗിരി ബോട്ട്‌ ക്ലബ്ബിന്റെ ഹൗസ്‌ ബോട്ടിംഗ്‌ വിനോദയാത്ര തുടങ്ങി ഇവിടത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ അഭിവ്യദ്ധിയ്‌ക്കായുളള പല സൗകര്യങ്ങളും നല്‍കി വരുന്നു.‍

ഇന്ത്യയിലെ ആദ്യ ആസൂത്രിത പരിസ്ഥിതി സൗഹൃദ കേന്ദ്രം

പ്രാദേശിക പരിസ്ഥിതിയ്‌ക്ക്‌ ഭംഗം വരുത്താത്ത രീതിയില്‍ ആസൂത്രണം ചെയ്‌ത ഇന്ത്യയിലെ ആദ്യ പരിസ്ഥിതി സൗഹാര്‍ദ്ദ ബീച്ചാണ്‌ ബേക്കലില്‍ ഉള്ളത്‌. കൂടാതെ ടൂറിസത്തിന്‌ അനുയോജ്യമായ സ്ഥലങ്ങളുടെ വികസനം അടിസ്ഥാന ഘടകങ്ങളുടെ ശക്തിപ്പെടുത്തല്‍, ബേക്കിലന്റെ എല്ലാതരത്തിലുമുള്ള പുരോഗതിയ്‌ക്കാവശ്യമായ രീതിയിലുള്ള നിക്ഷേപങ്ങള്‍ ക്ഷണിക്കുക എന്നിവയെല്ലാം സമന്വയിപ്പിച്ചു കൊണ്ടുള്ളതാണ്‌ ബേക്കല്‍ വികസന പദ്ധതി. ബേക്കലിലെ പ്രാചീനതയും പച്ചപ്പും നിലനിര്‍ത്തുക എന്ന ഉറപ്പോടെയാണ്‌ ബേക്കല്‍ ടൂറിസം അതോറിറ്റി നിര്‍മ്മിതിയും, പദ്ധതിയും, നിര്‍ദ്ദേശങ്ങളും ബേക്കല്‍ പ്രോജക്ടിനു നല്‍കിയിരിക്കുന്നത്‌. വികസനത്തിന്റെ എല്ലാ ഘട്ടങ്ങളും പ്രകൃതിയുമായി ഇഴ ചേര്‍ന്നു പോകുന്ന വിധത്തിലായിരുക്കും എന്ന്‌ കാര്യത്തില്‍ ബി.ആര്‍.ഡി.സി.യും ഉറപ്പു വരുത്തുന്നുണ്ട്‌. ജലവിതരണം മാലിന്യനിര്‍മ്മാര്‍ജ്ജനം എന്നിവയില്‍ പരിസ്ഥിതി സൗഹൃദ സാങ്കേതിക വിദ്യകള്‍ കൊണ്ടു വരുന്നതുള്‍പ്പെടെയുള്ള വന്‍പരിതസ്ഥിതി നിര്‍വ്വഹണ പദ്ധതികളാണ്‌ നടപ്പാക്കുവാന്‍ ഉദ്ദേശിച്ചിട്ടുള്ളത്‌.