വിശേഷങ്ങള്‍

ബേക്കലിലും സമീപപ്രദേശങ്ങളിലും ഉള്ള ആഘോഷങ്ങള്‍

മധുര്‍ ക്ഷേത്രം: ഈ ക്ഷേത്രത്തിലെ ഉത്സവം എല്ലാ വര്‍ഷവും മാര്‍ച്ച്‌ - ഏപ്രില്‍ മാസങ്ങളിലാണ്‌ ആഘോഷിക്കുക. ധാരാളം ഭക്തര്‍ പങ്കെടുക്കുന്ന 7 ദിവസം നീണ്ടു നില്‌ക്കുന്ന ഉത്സവത്തിലെ പ്രധാന ചടങ്ങ്‌ മൂടപ്പ സേവയാണ്‌ (അരിയും നെയ്യും കൊണ്ടുള്ള അപ്പം കൊണ്ട്‌ വിഗ്രഹം മൂടുന്ന ചടങ്ങ്‌) വളരെ ചിലവേറിയതിനാല്‍ ഈ ചടങ്ങ്‌ ഏറെ വര്‍ഷങ്ങള്‍ക്കു ശേഷമേ നടത്താറുള്ളൂ. 1992ലാണ്‌ അവസാനമായി മൂടുപ്പ സേവ നടത്തിയത്‌.

മല്ലികാര്‍ജ്ജുന ക്ഷേത്രം:

അഞ്ചു ദിവസം നീണ്ടു നില്‌ക്കുന്ന മല്ലികാര്‍ജ്ജുന ക്ഷേത്രോത്സവം മാര്‍ച്ചു മാസത്തിലാണ്‌ നടത്തുക.

തൃക്കണ്ണാട്‌ ശിവക്ഷേത്രം : മാര്‍ച്ച്‌ - ഏപ്രില്‍ മാസങ്ങളില്‍ കൊടിയേറ്റോടെ ആരംഭിക്കുന്ന ഏഴു ദിവസത്തെ ഉത്സവത്തില്‍ അഷ്‌ടമിവിളക്കും, പള്ളിവേട്ടയും ഉള്‍പ്പെടുന്നു. പടിഞ്ഞാറേക്കു മുഖമുള്ള ഏക ക്ഷേത്രമാണ്‌ ഇത്‌.

ബേക്കല്‍ ഫോര്‍ട്ട്‌ മുഖ്യ പ്രാണ ക്ഷേത്രം :

ഏപ്രിലിലെ രാമനവമിയിലാണ്‌ ഈ ക്ഷേത്രത്തിലെ ഉത്സവം. കഥകളി, യക്ഷഗാനം, ഹരികഥ തുടങ്ങിയ വിവിധ പരിപാടികള്‍ കാണാന്‍ ഉത്സകാലത്ത്‌ ധാരാളം ജനങ്ങള്‍ ക്ഷേത്രത്തിലെത്താറുണ്ട്‌.

മദിയന്‍കുളം ദുര്‍ഗ്ഗാക്ഷേത്രം :

ഈ ക്ഷേത്രത്തിലെ രണ്ടു പ്രധാന ഉത്സവങ്ങളാണ്‌ കലശം (Kalasam) പാട്ടുത്സവം എന്നിവ. മലയാളമാസം ഇടവത്തിലാണ്‌ (മേയ്‌/ ജൂണ്‍) കലശം എങ്കില്‍ മലയാളമാസം ധനുവിലാണ്‌ (ഡിസംബര്‍/ ജനുവരി) പാട്ടുത്സവം നടക്കുക. രണ്ടുത്സവങ്ങളും തെയ്യംകളി, കലാപരിപാടികള്‍, ദേവാര്‍ത്ഥപരമായ ചടങ്ങുകള്‍, വമ്പിച്ച രീതിയിലുള്ള എഴുന്നള്ളത്ത്‌, കരിമരുന്നു പ്രയോഗം എന്നിവ കൊണ്ട്‌ മനോഹരമായിരിക്കും.

മാലിക്‌ ദിനാര്‍ മോസ്‌ക്കിലെ ഉറൂസ്‌ : മൂന്നു വര്‍ഷത്തിലൊരിയ്‌ക്കല്‍ മാലിക്‌ ഇബു മുഹമ്മദിന്റെ പേരില്‍ മാലിക്‌ ദിനാര്‍ പള്ളിയില്‍ നടത്തുന്ന ഉത്സവമാണ്‌ ഈ ഉറൂസ്‌. ഇതിന്റെ പ്രധാന ആകര്‍ഷണം അന്നദാനമാണ്‌. ഉറൂസില്‍ പങ്കെടുക്കുവാന്‍ ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍ നിന്നായി വിശ്വാസികള്‍ എത്താറുണ്ട്‌.

ബേലപള്ളി പെരുനാള്‍ :

എല്ലാ വര്‍ഷവും ഡിസംബര്‍ മാസത്തിലാണ്‌ ബേല പള്ളി പെരുനാള്‍ ആഘോഷിക്കുന്നത്‌.

ചൂലിയാര്‍ ഭഗവതി ക്ഷേത്രത്തിലെ ചാലിയ പൊറാട്ടു ഉത്സവം

കാസര്‍ഗോഡു നിന്നും 3 കി.മീറ്റര്‍ ദൂരെയുള്ള Aniyal Theru (അനിയല്‍ തെരു) വില്‍ സ്ഥിതിചെയ്യുന്ന ചൂലിയാര്‍ ഭഗവതിക്ഷേത്രത്തിലെ പ്രശസ്‌തമായ പൊറാട്ട്‌ ഉത്സവം എല്ലാ വര്‍ഷവും മാര്‍ച്ചു മാസത്തിലാണ്‌ നടത്തുക.

തെയ്യം ഉത്സവം

കേരളത്തിലെ ആചാരപരമായ കലാരൂപമാണ്‌ തെയ്യം. കാസര്‍ഗോഡിലെ വീടുകളിലും, തറവാടുകളിലും, ദേവാലയങ്ങളിലും തെയ്യം കളിയ്‌ക്കാറുണ്ട്‌. കളിയാട്ടം അഥവാ തെയ്യം ഉത്സവം പ്രശസ്‌തമായ ഇടങ്ങളാണ്‌ കാനത്തൂര്‍ നല്‍വര്‍ ഭൂതസ്ഥാനം, (Kanathoor Nalvar Bhoothasthanam) പെരുംതിട്ട തറവാട്‌ കൊട്ടാംകുഴി, കോടക്കല്‍ തറവാട്‌ ദേവസ്ഥാനം തുടങ്ങിയവ.

(Palakunnu) പാലക്കുന്ന്‌ ശ്രീ ഭഗവതി ക്ഷേത്രം

തൃക്കനാട്‌ പാലക്കുന്ന്‌ ശ്രീ ഭഗവതി ക്ഷേത്രത്തിലെ കലം കാണിപ്പ്‌ (Kalom Kanipu) ഉത്സവം തികച്ചും വ്യത്യസ്‌തയാര്‍ന്നതാണ്‌. ഈ ഉത്സവത്തില്‍ സ്‌ത്രീകള്‍ മണ്‍കലങ്ങളുമായി ഘോഷയാത്ര നടത്തുകയും പിന്നീടവ ക്ഷേത്രത്തില്‍ പ്രദര്‍ശനത്തിനു വയ്‌ക്കുന്നതുമാണ്‌്‌ പ്രധാന ചടങ്ങ്‌. തീയ്യ സമുദായത്തിന്റെ ഈ ഉത്സവം ജനുവരി മാസത്തിലാണ്‌ നടക്കുക.

ഭരണി ഉത്സവം
പാലക്കുന്ന്‌ ശ്രീഭഗവതി ക്ഷേത്രത്തിലെ മറ്റൊരു ഉത്സവമാണ്‌ ഭരണി മഹോത്സവം. സമുദായത്തിലെ എല്ലാ വിഭാഗക്കാരും പങ്കെടുക്കുന്ന ഈ ഉത്സവത്തിന്റെ പ്രധാന ചടങ്ങ്‌ വര്‍ണ്ണഭരിതമായ `തിരുകാഴ്‌ച' എന്ന ഘോഷയാത്രയും ഗംഭീരമായ കരിമരുന്നു പ്രയോഗവുമാണ്‌.

കുംബാള പോത്തോട്ട മത്സരം

പേരു സൂചിപ്പിക്കുന്നതുപോലെ പോത്തുകളെ ഓടിയ്‌ക്കുന്ന പരമ്പരാഗത മത്സരമാണ്‌ ഇത്‌. കലങ്ങിയ വെള്ളത്തിലൂടെ ജോടികളായുള്ള പോത്തുകളെ ഓടിയ്‌ക്കുന്ന ഈ ആഘോഷം തുളുനാട്ടിലെ ദേശീയ മത്സരമായിരുന്നു. അവിടെ നിന്നും കടംകൊണ്ട ഈ ഉത്സവം ഡിസംബര്‍ മുതല്‍ മാര്‍ച്ചു വരെയാണ്‌ നടത്തുക. പണ്ട്‌ അധിക പ്രാധാന്യമൊന്നും നല്‍കിയിരുന്നെങ്കിലും ഇന്ന്‌ നല്ല ചിട്ടയോടെ നടത്തുന്ന ഈ മത്സരം കാണാന്‍ ധാരാളം ആളുകള്‍ എത്തുന്നുണ്ട്‌.