'സ്‌മൈല്‍' പദ്ധതി


  • ഉത്തര മലബാറില്‍ സംരംഭങ്ങള്‍ തുടങ്ങുന്നവര്‍ക്ക്‌ അപേക്ഷിക്കാം
  • അനുഭവവേദ്യ ടൂറിസത്തിന്‌ ഊന്നല്‍ നല്‍കുന്ന പദ്ധതി
  • രൂപകല്‌പന തൊട്ട്‌ വിപണനം വരെ ബി.ആര്‍.ഡി.സി.യുടെ സഹായക സേവനങ്ങള്‍

ചെറുകിട - ഇടത്തരം ടൂറിസം സംരംഭങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതിനുള്ളതാണ്‌ ബി.ആര്‍.ഡി.സി. ആവിഷ്‌കരിച്ചു നടപ്പിലാക്കുന്ന 'സ്‌മൈല്‍' പദ്ധതി. ആഡംബര താമസസൗകര്യങ്ങള്‍ ഒരുക്കുക എന്നതിനേക്കാള്‍ അതത്‌ പ്രദേശങ്ങളിലെ സംസ്‌കാരം, ജീവിത രീതികള്‍, രുചിഭേദങ്ങള്‍, കലകള്‍, ഐതിഹ്യങ്ങള്‍ മുതലായവയ്‌ക്ക്‌ പ്രാധാന്യം നല്‍കി ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന അനുഭവവേദ്യ ടൂറിസം ( Experiential Tourism ) ത്തിന്‌ ഊന്നല്‍ നല്‍കിയാണ്‌ 'സ്‌മൈല്‍' പദ്ധതി നടപ്പിലാക്കുന്നത്‌. പാരിസ്ഥിതിക പ്രശ്‌നങ്ങളും സാംസ്‌കാരിക മൂല്യ ശോഷണവും ഒഴിവാക്കിയുള്ള ടൂറിസം വികസനം വിഭാവനം ചെയ്യുന്ന പദ്ധതിയാണ്‌ 'സ്‌മൈല്‍'. ഇതുവഴി കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിലൂടെ സമൂഹത്തിലെ വിവിധ തലങ്ങളിലുള്ള ജനങ്ങളുടെ സാമ്പത്തിക അഭിവൃദ്ധിയും ഉയര്‍ന്ന തോതിലുള്ള തൊഴിലവസര സൃഷ്‌ടിയും 'സ്‌മൈല്‍' ലക്ഷ്യമിടുന്നു.

ബഡ്‌ജറ്റ്‌ റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍, സര്‍വീസ്‌ഡ്‌ വില്ലാ, ഫാം ടൂറിസം, ആയുര്‍വ്വേദ കേന്ദ്രങ്ങള്‍, ഹൗസ്‌ബോട്ടുകള്‍, കരകൗശല സ്‌മരണികകള്‍ (സുവനീര്‍ വ്യവസായം) എന്നിവയ്‌ക്ക്‌ പുറമെ കഥകളി, കളരി, തെയ്യം, യോഗ, ശാസ്‌ത്രീയ നൃത്തം മുതലായവ അടിസ്ഥാനമാക്കി ചെറുകിട-ഇടത്തരം ടൂറിസം സംരംഭങ്ങള്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ പദ്ധതിയില്‍ ഭാഗവാക്കാകാം.

കാസര്‍ഗോഡ്‌, കണ്ണൂര്‍ ജില്ലകളും, കോഴിക്കോട്‌ ജില്ലയിലെ വടകര താലൂക്കും ഉള്‍പ്പെടെ ഉത്തര മലബാര്‍ പ്രദേശത്ത്‌ സംരംഭങ്ങള്‍ തുടങ്ങുന്നവരാണ്‌ അപേക്ഷിക്കേണ്ടത്‌.

പുതുതായി ടൂറിസം സംരംഭം തുടങ്ങുന്നവര്‍, നിലവിലുള്ള സ്ഥാപനം ടൂറിസം സംരംഭമായി മാറ്റുവാന്‍ ആഗ്രഹിക്കുന്നവര്‍, നിലവിലുള്ളതും എന്നാല്‍ നഷ്‌ടത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ ടൂറിസം സംരംഭങ്ങള്‍ എന്നിങ്ങനെ മൂന്ന്‌ വിഭാഗങ്ങളിലുള്ളവര്‍ക്ക്‌ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്‌. രജിസ്റ്റര്‍ ചെയ്യുന്ന സംരംഭകരെ പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ഓറിയന്റേഷന്‍ ശില്‍പശാലയില്‍ പങ്കെടുപ്പിക്കുകയോ, നേരിട്ട്‌ കണ്‍സള്‍ട്ടന്‍സി സേവനം ലഭ്യമാക്കുകയോ ചെയ്യും. പ്രാഥമിക ശില്‍പശാലയില്‍ പങ്കെടുക്കുന്നവരില്‍ നിന്നും സംരംഭം തുടങ്ങാനുള്ള പ്രക്രിയയില്‍ പുരോഗതി കൈവരിക്കുകയും സന്നദ്ധത അറിയിക്കുകയും ചെയ്യുന്നവര്‍ക്ക്‌ തുടര്‍ഘട്ടങ്ങളിലുള്ള ശില്‍പശാലകളില്‍ പങ്കെടുക്കാനും വിപണന സഹായക സേവനങ്ങള്‍ ലഭ്യമാക്കാനും അവസരമുണ്ടാകും. വിപണനത്തിന്‌ ഊന്നല്‍ നല്‍കികൊണ്ടുള്ള സംരംഭകത്വ വികസന പ്രക്രിയയാണ്‌ രൂപകല്‌പന ചെയ്‌തിട്ടുള്ളത്‌.

സംരംഭകര്‍ക്ക്‌ സബ്‌സിഡിയോ മറ്റ്‌ സാമ്പത്തിക ആനുകൂല്യങ്ങളോ 'സ്‌മൈല്‍' പദ്ധതി പ്രകാരം വാഗ്‌ദാനം ചെയ്യുന്നില്ല.

താല്‍പ്പര്യമുള്ള സംരംഭകര്‍ ബി.ആര്‍.ഡി.സി. വെബ്‌സൈറ്റില്‍ www.bekaltourism.com/registration ഉള്ള ലിങ്ക്‌ വഴി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം.