+91-467-2950500

ബേക്കല്‍കോട്ട

ബേക്കല്‍


വിവരണം

300 ലേറെ വര്‍ഷത്തെ പഴക്കമുള്ള ബേക്കല്‍കോട്ട കാലാതീതവും വളരെയേറെ ചരിത്ര പ്രാധാന്യവുമുള്ളതാണ്‌. ഒപ്പം വലിപ്പം കൊണ്ടും സംരക്ഷണം കൊണ്ടും മറ്റു കോട്ടകളുടെ മുമ്പില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്‌. കടലിലേയ്‌ക്കിറങ്ങി കിടക്കുന്ന കോട്ടയും നയനമോഹനമായ കടല്‍തീരവും, അതിമനോഹരമായ പ്രകൃതിയും സന്ദര്‍ശകരെ വളരെ ഏറെ ആകര്‍ഷിക്കുന്നു. 1645 നും 1660 നും ഇടയ്‌ക്ക്‌ കുംബ്ലയിലെ ബദിന്നൂര്‍ നായക്കന്മാരില്‍പെട്ട ശിവപ്പനായിക്‌ ആണ്‌ ഈ കോട്ട നിര്‍മ്മിച്ചതെന്ന്‌ പറയപ്പെടുന്നു. എന്നാല്‍ ചില ചരിത്രകാരന്മാരുടെ അഭിപ്രായത്തില്‍ കോലത്തിരി രാജാക്കന്മാരുടെ കാലത്തെ കോട്ട ശിവപ്പനായിക്‌ പുതുക്കിപ്പണിതതാണ്‌ എന്നാണ്‌.

പുരാവസ്‌തുഗവേഷണത്തിന്റെ ഫലമായി ഇത്‌ വിജയനഗര സാമ്രാജ്യത്തിന്റെ നിര്‍മ്മിതിയായിരുന്നു എന്ന മറ്റൊരു അഭിപ്രായവും ഉയര്‍ന്നു വരുന്നുണ്ട്‌. പിന്നീട്‌ 1763 നോടടുപ്പിച്ച്‌ മൈസൂരിലെ രാജാവായിരുന്ന നൈദരലി ഈ കോട്ട കൈയ്യടക്കുകയും ടിപ്പുസുല്‍ത്താന്റെ കാലത്ത്‌ തുളുനാടിന്റേയും മലബാറിന്റേയും പ്രധാന ഭരണകേന്ദ്രമായി തീരുകയും ചെയ്‌തു. 1799-ല്‍ ടിപ്പുവിനെ പരാജയപ്പെടുത്തിയതിനുശേഷം ബേക്കല്‍കോട്ട ഇംഗ്ലീഷ്‌ ഈസ്റ്റിന്ത്യാ കമ്പനിയുടെ അധീനതയിലായി. കോട്ടയ്‌ക്കുള്ളില്‍ പി.ഡബ്ലി.ഡിയുടെ സംരക്ഷണത്തിലുള്ള ട്രാവലേഴ്‌സ്‌ ബംഗ്ലാവും, ഹനുമാന്‍ ആരാധ്യദേവനായുള്ള മുഖ്യപ്രാണ (prana) ക്ഷേത്രവും കാണാന്‍ കഴിയും. കോട്ടയ്‌ക്കു സമീപത്തു തന്നെ കാണപ്പെടുന്ന മുസ്ലീംപള്ളി ടിപ്പുസുല്‍ത്താന്‍ നിര്‍മ്മിച്ചതായി വിശ്വസിയ്‌ക്കപ്പെടുന്നു.

ജലസംഭരണിയേക്കുള്ള നീണ്ട ചവിട്ടുപടികള്‍, തെക്കുഭാഗത്തേക്കു തുറക്കുന്ന തുരങ്കം, യുദ്ധോപകരണങ്ങള്‍ സൂക്ഷിയ്‌ക്കാനുള്ള ആയുധശാല, നിരീക്ഷണ ഗോപുരത്തിലേക്കുള്ള വീതിയേറിയ നടപ്പാത എന്നീ അസാധാരണ കാഴ്‌ചകള്‍ ബേക്കല്‍കോട്ടയില്‍ കാണാം. നിരീക്ഷണ ഗോപുരത്തില്‍ നിന്നു നോക്കിയാല്‍ കാഞ്ഞങ്ങാട്‌, പള്ളിക്കര, ബേക്കല്‍, കൊട്ടിക്കുളം (kottikkulam) ഉദുമ എന്നീ സ്ഥലങ്ങള്‍ ദൃശ്യമാകും. ശത്രുക്കളുടെ ചെറിയ നീക്കങ്ങള്‍ പോലും ഈ നിരീക്ഷണ ഗോപുരത്തില്‍ നിന്നും കാണാന്‍ കഴിഞ്ഞിരുന്നു.


എങ്ങനെ എത്തിച്ചേരാം

കാസര്‍ഗോഡ്‌ ദേശീയപാതയുടെ തെക്കുഭാഗത്ത്‌ 16 കി.മീറ്റര്‍ ദൂരെയാണ്‌ ബേക്കല്‍. കാസര്‍ഗോഡ്‌ ടൗണില്‍ നിന്നും കാഞ്ഞങ്ങാടു നിന്നും ധാരാളം ബസ്‌ സര്‍വ്വീസുകള്‍ ഉണ്ട്‌.

കോഴിക്കോട്‌ - മംഗലാപുരം - മുംബൈ റൂട്ടിലുള്ള കാസര്‍ഗോഡ്‌ റെയില്‍വേ സ്റ്റേഷന്‍.

കാസര്‍ഗോഡു നഗരത്തില്‍ നിന്നും 50 കി.മീറ്റര്‍ ദൂരെയുള്ള മംഗലാപുരം വിമാനത്താവളം, 200 കി.മീറ്റര്‍ ദൂരെയുള്ള കോഴിക്കോട്‌ കരിപ്പൂര്‍ വിമാനത്താവളം.Right to Information

Right to Information